'പ്രഭാഷണം നന്നായിരുന്നു'. അഭിനന്ദിക്കാനെന്നോണം അരികിലെത്തിയ ആൾ ആമുഖമായിപ്പറഞ്ഞ വാചകം കേട്ട് സസന്തോഷം നന്ദി അറിയിച്ചു.. നേരിൽ കണ്ട് പലതും പറയാൻ കാത്തു നിൽക്കുന്നവർക്ക് മുന്നിൽ അവരുടെ അവകാശങ്ങളെ അവഗണിച്ച് അയാൾ സംസാരമാരംഭിക്കുകയാണുണ്ടായത്.. അതീവ ഗൗരവമുള്ള വിഷയമെന്തെങ്കിലും ആയിരിക്കുമെന്ന് മറ്റുള്ളവർ കരുതി. ആ ധാരണയിൽ അയാൾക്ക് ഉദാര പൂർവ്വം സൗകര്യം നൽകി, ഇത്തിരി നിരാശയോടെ നേരിൽ കാണാൻ വന്നവർ പിരിഞ്ഞു പോയി.

അയാൾ സ്വന്തം വിദ്യാഭ്യാസ യോഗ്യത, ഒദ്യോഗിക മേഖലയിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചതിന്റെ വിശദാംശംങ്ങൾ, പ്രഗത്ഭരുടെ പ്രഭാഷണങ്ങൾ കേട്ടതിന്റെ കണക്ക്, പത്രങ്ങളിൽ പരാതികൾ എഴുതി അയച്ചതിന്റെ മഹത്വം (കൈയ്യിൽ അയാൾ കരുതിയ ഫയൽ അതിനു തെളിവാണ് അതൊടുവിൽ മറിച്ചു നോക്കാൻ തരുമെന്ന് വാഗ്ദാനം), പ്രഗത്ഭ പ്രഭാഷകർക്ക് നൽകിയ ഉപദേശത്തിന്റെ ഏകദേശരൂപം ഇതൊക്കെ വ്യക്തമാക്കിയ ശേഷമാണ് വിഷയത്തിലേക്കു പ്രവേശിച്ചത്.. പിന്നെ ഒരു മണിക്കൂറോളം സമയം വിഷയ വിസ്താരം. തിരിച്ചു പോകാൻ സമയത്ത് ഫോൺ നമ്പറും വിവരങ്ങളും അയാൾ ചോദിച്ചെഴുതിയെടുത്തു. മറ്റൊരു വേദിയിൽ വന്നു കണ്ടോളാമെന്ന് വാഗ്ദാനം നൽകി തിരിച്ചു പോയി. യാത്രയയക്കാൻ അക്ഷമയോടെ കാത്തു നിൽക്കുന്ന സംഘാടകർ ഓടിയെത്തി കാറിൽ കയറ്റി യാത്രയയപ്പ് ഔപചാരികതകൾ കഴിച്ച് വിട വാങ്ങി.

ഇത് ഒരേ ഒരു അനുഭവക്കുറിപ്പല്ല. പൊതുവെ പ്രഭാഷകർ നേരിടുന്ന പീഡനത്തിന്റെ നേർ ചിത്രമാണ്.. ധർമ്മഗ്ലാനി പരിഹരിക്കാൻ ഭഗവാൻ അവതരിക്കും പോലെ പ്രഭാഷണ വേദികളിൽ പ്രചോദിതരായവരെ ഹനിക്കാൻ ഇക്കൂട്ടർ അവതരിക്കുമെന്നാണ് അനുഭവസ്ഥരുടെ പക്ഷം. വേദിക്കു താഴെ ശ്രോതാക്കൾക്കൊപ്പം പരിപാടി കഴിയുവോളം ഇവർ കാത്തിരിക്കും. ചടങ്ങുകൾ കഴിയുന്നതും സമർത്ഥമായി ഓടിയെത്തും. അഭിനന്ദനത്തോടെ തുടങ്ങി സ്വന്തം മഹിമ വെളിപ്പെടുത്തി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. പ്രഭാഷണത്തിൽ പറയാൻ വിട്ടു പോയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുദ്ബോധിപ്പക്കുന്നതാണ് രണ്ടാം ഘട്ടം. ശൈലീ ദോഷം തിരുത്താൻ നിർദ്ദേശിക്കും. വിവിധ മേഖലകളിൽ നാടിനെ കാർന്നു തിന്നുന്ന ദുരവസ്ഥകൾ വിസ്തരിക്കുന്നതായിരിക്കും മൂന്നാം ഘട്ടം. ദുരവസ്ഥാ വർണ്ണനം ദേശീയ അന്തർദേശീയ തലങ്ങളിലേക്കു വ്യാപിച്ചേക്കാം. പ്രഭാഷണമല്ല പ്രവൃത്തിയാണ് പ്രധാനമെന്ന സവിശേഷ നിരീക്ഷണം പങ്കുവെക്കുന്ന നാലാം ഘട്ടത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ അക്കമിട്ടു നിരത്തും. പ്രഭാഷകർ നാലാംകിടക്കാരാണെന്നും ചിലപ്പോഴൊക്കെ സമാജത്തിനു ശാപമാണെന്നുമൊക്കെ മുഖത്തു നോക്കിപ്പറഞ്ഞുകളയും. (എന്നാൽ എവിടെ ഒക്കെ പ്രഭാഷണമുണ്ടോ അവിടെ ഒക്കെ അറിയുന്ന മുറയ്ക്ക്, അത് കേൾക്കാൻ ഇവർ എത്തിച്ചേരുകയും ചെയ്യും.) ഇതു കേട്ടു പ്രഭാഷകരുടെ മുഖം മങ്ങുന്നതു കണ്ടാൽ 'നിങ്ങളെയല്ല ഉദ്ദേശിച്ച 'തെന്നു മയപ്പെടുത്തും. ഇതൊക്കെ മിക്ക പ്രഭാഷകരുടേയും അനുഭവമായിരിക്കും.

വായനാശീലം വളർത്തുന്നതിനെ കുറിച്ച് പ്രഭാഷണം നടത്തിയ ഒരാളെ ആക്രമിക്കാൻ ഒരുങ്ങുന്ന 'അവതാരം' വീടുകളിൽ ഫ്രിഡ്ജ് വാങ്ങി വെക്കുന്നതാണ് പ്രശ്നങ്ങളുടെ കാതൽ എന്നു ചിലപ്പോൾ സ്ഥാപിച്ചു കളയും. ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിച്ചാൽ ആരോഗ്യം അപകടത്തിലാവും. പിന്നെ പുസ്തകം വായിക്കാനൊന്നും ആർക്കും തോന്നില്ല, ഇങ്ങിനെ പോവും വിശദീകരണം. വായനാശീലം വളർത്താൻ പറയുന്നത് നിർത്തി ഫ്രിഡ്ജുകളെ പുറത്തെറിഞ്ഞ് പടിയടച്ച് പിണ്ഡം വെക്കാനാണ് പറയേണ്ടതെന്ന് ഉദ്ബോധിപ്പിക്കും.

പറയുന്നതിലെ യുക്തിയൊന്നും ഈ കൂട്ടർക്ക് പ്രധാനമല്ല. ഇതൊക്കെ പറയാൻ സാക്ഷാത് ബ്രഹ്മദേവൻ ഇവരെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന ഭാവമാണ് പുലർത്തുക. അതിനാൽ വളരെ ആധികാരികമായ വസ്തുതയാണ് പറയുന്നതെന്ന് കേൾവിക്കാർക്ക് തോന്നും.

രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് സംസാരിക്കുന്ന ഒരാളോട് ഹിന്ദുക്കൾക്ക് ഞായറാഴ്ച്ചയും വെളളിയാഴ്ച്ചയും പോലെ ഒരു ദിവസം ആരാധനക്ക് കല്പിച്ചു നൽകാത്തതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും ഇവർ വാദിക്കും. പ്രസംഗം നിർത്തി ഹിന്ദു കുട്ടികൾക്ക് മദ്രസാ പഠനം പോലെയും സൺഡേ ക്ലാസു പോലേയും ഒരേർപ്പാട് തുടങ്ങാൻ വേണ്ടുന്ന സത്വര നടപടി സ്വീകരിക്കൂ എന്നും നിർദ്ദേശിക്കും. ഇങ്ങിനെ ദൃഷ്ടാന്തങ്ങൾ പലതും ഇനിയും പലർക്കും പങ്കുവെക്കാനുണ്ടാവും.

പ്രഭാഷണ ശേഷം ഒരു ചോദ്യോത്തര വേളയോ അഭിപ്രായ പ്രകടനത്തിനവസരമോ നൽകിയാലാണ് ഇവർ ഏറെ സംതൃപ്തരാവുക. ചോദ്യം ചോദിക്കാൻ എണീക്കുന്ന ഇവർ അതിനൊരു പശ്ചാത്തലം വിശദീകരിക്കാൻ കൂടുതൽ സമയം എടുക്കും. അതിനിടയിൽ പ്രഭാഷകൻ പറഞ്ഞ കാര്യങ്ങളൊക്കെ അപ്രായോഗികങ്ങളാണെന്നു സ്ഥാപിക്കും. ഒന്നും നേരെയാവാൻ പോവുന്നില്ലെന്ന നിഷേധാത്മക സന്ദേശം ആവർത്തിക്കും. സ്വന്തം നിരീക്ഷണങ്ങൾ ശ്രോതാക്കൾക്ക് സമ്മാനിക്കും. കാര്യങ്ങൾ കൈവിട്ട് പോവുന്നെന്ന് തിരിച്ചറിയുന്ന സംഘാടകർ ശക്തമായി ഇടപെട്ടാലെ ചോദ്യ വധത്തിൽ നിന്നു രക്ഷ കിട്ടൂ. അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തിലായാലും പ്രഭാഷണം ശ്രവിച്ച് ആരെങ്കിലും പ്രചോദിതരായിട്ടുണ്ടെങ്കിൽ അവരെ ആകെ തളർത്തും വിധമായിരിക്കും ഇവരുടെ പ്രതികരണം.

നിർമ്മാണാത്മകവും സർഗ്ഗാത്മകവും ആയ വിമർശനങ്ങൾ (constructive & Creative criticism) തെറ്റല്ല. ആത്മാർത്ഥതയുള്ള നല്ല പ്രഭാഷകർ അത് സ്വാഗതം ചെയ്യും, ചെയ്യണം.. എന്നാൽ പ്രഭാഷണങ്ങൾ സമാജത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്ന നിഷേധ നിലപാട് വാസ്തവത്തിന്നു നിരക്കുന്നതല്ല. 'ഞാൻ ശരി, മാറ്റെല്ലാവരും വലിയ തെറ്റ് ' എന്ന മട്ടിൽ എവിടേയും ഓടിയെത്തി തെറ്റു തിരുത്താൻ മിനക്കെടുന്നവരിൽ നിന്നും പ്രഭാഷകരേയും ശ്രവിക്കാൻ എത്തുന്നവരേയും രക്ഷിക്കാൻ സംഘാടകർ ശ്രദ്ധിച്ചേ തീരൂ.

തനിക്കു ബോധ്യപ്പെട്ട ശരികൾ പ്രായോഗികമാക്കാൻ ഇവർ വ്യക്തിപരമായിഎന്തു ചെയ്യുന്നു എന്നൊരന്വേഷണം നടത്തുന്നത് നന്ന്. ആശയങ്ങൾ പ്രാവർത്തികമാക്കിക്കാണിക്കാൻ അവരെ വിനയപൂർവ്വം പ്രേരിപ്പിക്കാവുന്നതാണ്. അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയല്ല ഉദ്ദേശം. മററുള്ളവർക്ക് വിരസത മാത്രം സമ്മാനിക്കുന്ന അവസ്ഥയിൽ നിന്ന് ഇക്കൂട്ടരുടെ ശ്രദ്ധയെ സാധ്യതകളിലേക്ക് തിരിച്ചു വിടാൻ പ്രേരിപ്പിക്കുന്നത് ഏവർക്കും ഗുണകരമാവും.

പ്രഭാഷണ ശേഷം പ്രഭാഷകനെ നേരിൽ കണ്ട് സംസാരിക്കാൻ താത്പര്യമുള്ളവർക്ക് സമയം തുല്യമായി അനുവദിക്കണം. അവിടെ ആരും മുൻകൂട്ടി അനുവാദം വാങ്ങാതെ സമയം അപഹരിക്കുന്ന അവസ്ഥ ഉണ്ടാവരുത്. പ്രഭാഷകനെ നേരിൽ കാണാൻ ആവേശപൂർവ്വം എത്തുന്നവരും സമയബോധം പാലിക്കാൻ തയ്യാറായാൽ നന്നായി. സവിസ്തര ചർച്ച പിന്നീടായിക്കൂടേ? എന്ന് അനുവാദം ചോദിച്ച് പിരിയുന്നതാവും ഉചിതം.

ഉള്ളിലുണരുന്ന പ്രായോഗികവും ക്രിയാത്മകവും ആയ നിർദ്ദേശങ്ങൾ കുറിച്ചു വെക്കാൻ ഓരോരുത്തർക്കും ശ്രദ്ധിക്കാവുന്നതാണ്. ഒരു ശോഭനചിന്തയും അവഗണിക്കേണ്ടതില്ല. എന്നാൽ പ്രവൃത്തി പഥത്തിൽ എത്തിക്കാൻ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ചിന്തിക്കണമെന്ന കാര്യം വിസ്മരിച്ചു കൂടാ.

നാം ക്ഷണിച്ച് എത്തിക്കുന്ന പ്രഭാഷകരെ പ്രസംഗിക്കാൻ അനുവദിക്കാനും സാദരം തിരിച്ചയക്കാനും നമുക്ക് ഉത്തരവാദിത്വമെടുക്കാം. അവരുടെ പ്രഭാഷണത്തിന്റെ ഗുണവശങ്ങൾ ചർച്ച ചെയ്യപ്പെടണം. നിഷേധാത്മക സന്ദേശങ്ങൾ കൊണ്ട് അത് നിരാകരിക്കപ്പെടുന്നില്ലെന്നുറപ്പു വരുത്തണം.

നിർമ്മാണാത്മകവും സർഗ്ഗാത്മകവുമായി സമീപിക്കാനും, ചർച്ച ചെയ്യാനും സമയവും സാവകാശവുമുണ്ടെങ്കിലേ അഭിപ്രായ വ്യത്യാസങ്ങൾ അവതരിപ്പിക്കാവു, പരിഗണിക്കാവൂ.

സമാജത്തിന്റേയും രാഷ്ട്രത്തിന്റെ തന്നേയും കർമ്മ വീര്യത്തെ തട്ടിയുണർത്താൻ പലരുടേയും പ്രഭാഷണങ്ങൾക്കു കഴിഞ്ഞിട്ടുളളത് മറക്കരുത്. പ്രഭാഷണം ഒരു കലയാണ്. ശ്രേയോ ദായക പ്രഭാഷണങ്ങൾ ശ്രോതാക്കളുടെ ചിന്തയെ ഊർജ്ജ്വസ്വലം സ്വാധീനിക്കും. ശുഭകരമായ ചെയ്തികൾക്ക് പ്രേരണ പകരും.

പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ