ഹരിഃ ഓം

പുരോഗതി എൻറെ ലക്ഷ്യമാണ്. അതിൻറെ പ്രാപ്തിക്കായുള്ള ആഗ്രഹ തീവ്രതയ്ക്ക് തെല്ലും കുറവില്ല.

പ്രചോദനം ആർജ്ജിക്കാൻ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. പരിശീലന പരിപാടികൾ എവിടെ ഉണ്ടെങ്കിലും അറിഞ്ഞു ചെന്നു പങ്കെടുക്കാറുണ്ട്. പണമേറെ ചിലവഴിച്ച് പ്രചോദന ദായക(motivational) പുസ്തകങ്ങൾ വാങ്ങി വായിക്കാറുണ്ട്. മനസ്സിലായിക്കിട്ടിയ വസ്തുതകൾ കുറിപ്പുകളായി എഴുതി സൂക്ഷിക്കാറുണ്ട്. ചെയ്യേണ്ട കാര്യങ്ങൾ വൃത്തിയായി എഴുതി കിടപ്പുമുറിയിലും, വായനാമുറിയിലും ഒട്ടിക്കാറുണ്ട്. ഉദ്ധരണികൾ ശേഖരിക്കുനന്നതിലും ഞാൻ ഒട്ടും പിറകിലല്ല...

വിവിധ മേഖലകളിൽ വിജയം വരിച്ചവരുടെ ജീവചരിത്രം സംഘടിപ്പിച്ചു വായിക്കാനും ഉത്സാഹിക്കാറുണ്ട്. പ്രതിഭ തെളിയിച്ചവരേയും പ്രഗത്ഭമതികളേയും സജ്ജനങ്ങളേയും കാണാനും അവരോടൊപ്പം സമയം ചിലവഴിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല.

പക്ഷേ വഞ്ചി തിരുന്നക്കരയിൽ നിന്നും ഒരിഞ്ചു നീങ്ങുന്നില്ല!!!

ശങ്കരൻ തെങ്ങിൽ നിന്നിറങ്ങാൻ കൂട്ടാക്കുന്നുമില്ല!!! പ്രാരബ്ധാവും എന്ന് വിചാരിച്ച് സമാധാനിക്കാം. അതല്ലേ സാധിക്കൂ?!

~~~~~~~~

നിൽക്കൂ നിരാശപ്പെടാതിരിക്കൂ....

✩ ഈ നിലയിൽ വിഷാദിക്കുന്നവരുടെ ഉത്കർഷേഛയെ (പുരോഗതി നേടണമെന്ന ആഗ്രഹത്തെ) ഹനിക്കുന്ന ഘടകം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അതിന് അവർ പൊതുവെ പ്രയോഗിക്കുന്ന ഒരു പദം വിശകലനം ചെയ്താൽ സാധിക്കും. അത് 'പക്ഷേ' എന്നതാണ്.

✩ 'പക്ഷേ' പ്രയോഗത്തിനു പിന്നിൽ ഒരു ആത്മനിമന്ത്രണം (soliloquy) ഉണ്ടു്. 'നീയൊക്കെ എവിടെ നന്നാവാൻ' എന്ന നിഷേധനിമന്ത്രണം. അതിൻറെ ഉറവിടം ആത്മബഹുമാനമില്ലായ്മയിൽ അധിഷ്ഠിതമാണ്.

✩ അതിനുള്ള കാരണം ചികഞ്ഞു നോക്കണം. ഇന്നലെകളിൽ നേരിട്ട അവഗണനയോ, ശാപമോ, അപ്രതീക്ഷിത പരാജയമോ, ഏറെ തളർത്തിയ അനാരോഗ്യ അവസ്ഥയോ, ഒക്കെയാവാം കാരണം.

പരിഹാരം?

അബോധപൂർവ്വം പറഞ്ഞു പോവുന്ന 'പക്ഷേ' (but) പ്രയോഗം നിരീക്ഷിക്കാൻ നിശ്ചയിക്കുക. തിരിച്ചറിയുന്ന ഉടൻ ബോധപൂർവം ഇടപെടുക. അതിന് രണ്ട് ഘട്ടങ്ങൾ വെക്കാം.

ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ആലോചിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. അതിൽ നിന്നും പ്രചോദനം നേടി 'പക്ഷേ' പ്രയോഗം തിരുത്തി പറയുക(എനിക്ക് സാധിക്കും. ഞാൻ ചെയ്യും, വിജയിക്കും എന്നിങ്ങനെ പറയുന്നതാണ് തിരുത്തൽ). ഈ ഇടപെടൽ കൊണ്ട് നമുക്ക് നമ്മിൽ ചെറിയ തോതിൽ മാറ്റം വരുത്തിക്കൊണ്ടുവരാൻ കഴിയും. വിജയിക്കുന്ന മുറയ്ക്ക് ആത്മാഭിനന്ദനം ചെയ്ത് ആത്മവിശ്വാസം വളർത്താനും ശ്രദ്ധിക്കണം. 'പക്ഷേ' പ്രയോഗം പതിയെ വിട്ടുപോകുന്നത് നമുക്ക് ബോദ്ധ്യമാവും.

'പക്ഷേ'കൾക്ക് വഴങ്ങി ജീവിതസാഫല്യം അപ്രാപ്യമായി പോകാതിരിക്കട്ടെ. ഏതു പ്രാരബ്ധത്തേയും ഇച്ഛാശക്തി കൊണ്ട് നമുക്ക് അനുകൂലമാക്കി മാറ്റാൻ കഴിയുമെന്ന് ഓർമ്മിക്കാം.

പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ